Friday, November 30, 2018

NATIONAL TOURISTER
പുരളിമലയിലെ പാലുകാച്ചിപ്പാറ സഞ്ചാരികളെ മാടിവിളിക്കുന്നു.
മട്ടന്നൂർ മാലൂർ പുരളിമലയിലെ പാലുകാച്ചിപ്പാറ സഞ്ചാരികളെ മാടിവിളിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് മൂവായിരം അടി ഉയരത്തിലുള്ള പ്രദേശം വിസ്മയ കാഴ്ചയാണ് സമ്മാനിക്കുന്നത‌്. സാഹസിക ടൂറിസത്തിന്  പ്രസക്തിയുള്ള പാലുകാച്ചിപ്പാറക്ക്  മീശപുലിമല എന്ന വിളിപ്പേരുമുണ്ട്. കണ്ണൂർ വിമാനത്താവളം സജീവമാകുന്നതോടെ  പാലുകാച്ചിപ്പാറക്ക്‌ വിനോദ സഞ്ചാര സാധ്യത ഏറെയാണ്‌. മാലൂർ പഞ്ചായത്തിലെ ശിവപുരം വില്ലേജിലെ  പുരളിമലയുടെ ഒരു ഭാഗമാണ്  ചരിത്രവും ഐതിഹ്യവും നിറഞ്ഞ പാലുകാച്ചിപ്പാറ.  പഴശ്ശിയുടെ പോരാട്ട കഥകളിൽ പ്രശസ്തമായ ഭാഗമാണ്‌ ഇവിടം.  ശിവപുരം  പാലുകാച്ചിപ്പാറ സ്റ്റോപ്പിൽനിന്നും  ഇടതുഭാഗത്ത് കൂടി പാറയിലേക്ക് വഴിയുണ്ട്.  കാൽനടയായും  വാഹനത്തിലുമെത്തി പാലുകാച്ചിയുടെ സൗന്ദര്യം ആസ്വദിക്കാം. സാഹസിക  വിനോദ സഞ്ചാരികൾക്ക്  ഏറെ പ്രിയമാണിവിടം.  നിരവധി പേർ ഇപ്പോൾ എത്തുന്നുണ്ട്.  തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളുടെയും മട്ടന്നൂർ നഗരസഭയുടെയും അതിർത്തിയിലാണ് ഈ വിനോദ സഞ്ചാരകേന്ദ്രം.  മട്ടന്നൂർ ടൗണിൽനിന്ന് പത്ത് കിലോമീറ്റർ ദൂരെയുള്ള  ശിവപുരം  പടുപാറയിൽനിന്ന്   മൈക്രോ ടവർ റോഡ് വഴി പാലുകാച്ചിപ്പാറയിലേക്ക്  എത്താം
അവിടെ വാഹനം നിർത്തി കാട്ടിനുള്ളിലെ നടപ്പാതയിലൂടെ യാത്ര. മുള്ളും കല്ലും  നിറഞ്ഞ വഴിയിലൂടെ  150 മീറ്റർ പിന്നിട്ടാൽ മനോഹരമായ കുന്നിൻ മുകളിലെത്തും. സഞ്ചാരികൾക്ക‌്  അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുങ്ങിയിട്ടില്ലെങ്കിലും സായാഹ്നത്തിലെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേർ എത്തുന്നുണ്ട്.

1 comment: